വടക്കഞ്ചേരി: കർഷകർക്ക് പ്രതീക്ഷനൽകി കുരുമുളകുവള്ളികളിൽ തിരി നിറഞ്ഞു. കടുത്ത വേനലിലെ ചൂടേറ്റുതളർന്ന വള്ളികൾക്ക് കാലവർഷമെത്തിയതോടെ വള്ളികൾ ശക്തിപ്പെട്ട് തോട്ടങ്ങളിലെല്ലാം തിരി നിറയുകയാണ്.
ഭേദപ്പെട്ട വില തുടരുന്നതിനാൽ കുരുമുളകിൽ വലിയ പ്രതീക്ഷയാണ് കർഷകരെല്ലാം പ്രകടിപ്പിക്കുന്നത്.മഴയും കാലാവസ്ഥയുമൊക്കെ അനുകൂലമായി നിൽക്കണം.ആറുമാസക്കാലം കണക്കുകൂട്ടലുകൾ പിഴക്കരുത്.
വിളവിനൊപ്പം വിലയും ഉയർന്നു നിൽക്കണം.എങ്കിൽ മാത്രമേ ഇപ്പോൾ തിരികളിലെ പ്രതീക്ഷ വരുമാനമായി മാറൂ.മേഖലയിലെ കർഷക കുടുംബങ്ങളിൽ പ്രത്യേകിച്ച് മലയോരങ്ങളിൽ ഒരുവർഷത്തെ കുടുംബ ബജറ്റ് തയാറാക്കുന്നത് ഈ പച്ചവള്ളികളിലെ കറുത്ത പൊന്നിനെ ആശ്രയിച്ചാണ്.
വിളവിലും വിലയിലും ഏറ്റക്കുറച്ചിലുകളുണ്ടായാൽ എല്ലാം തകിടം മറിയും. രാസവളപ്രയോഗമില്ലാതെ കുരുമുളകുകൃഷി നടത്തുന്ന പാലക്കുഴി, മംഗലംഡാം തുടങ്ങിയ മലയോര മേഖലയിലെ മുളകിന് മറ്റു മുളകിനേക്കാൾ കൂടുതൽ വിലയുണ്ട്.ഗുണമേന്മയിൽ മുന്നിൽ നിൽക്കുന്നതിനൊപ്പം കുരുമുളക് കാണാനുള്ള ചന്തവും വിലകൂടാൻ കാരണമാണ്. ഇവിടുത്തെ മുളകിന് വിപണിയിലും നല്ല ഡിമാൻഡാണ്.
കുറഞ്ഞ സ്ഥലത്ത് ഏറ്റവും കൂടുതൽ കുരുമുളകുണ്ടാകുന്ന മറ്റൊരു മലമ്പ്രദേശമാണ് പാലക്കുഴി എന്ന ജൈവഗ്രാമം. മലയോരങ്ങളിൽ കുരുമുളക് കൊടികളില്ലാത്ത വീടുകളോ തോട്ടങ്ങളോ ഉണ്ടാകില്ല. റബർ തോട്ടത്തിലെ ഇടവിളായും കുരുമുളക് സ്ഥാനം പിടിച്ചിട്ടുണ്ട്.